അവിവാഹിതരായ പങ്കാളികൾക്ക് ഇനി ഓയോയില്‍ മുറിയില്ല. പാര്‍ട്ണര്‍ ഹോട്ടലുകള്‍ക്ക് വേണ്ടി അവതരിപ്പിച്ച പുതിയ ചെക്ക് ഇന്‍ നയങ്ങളിലാണ് ട്രാവല്‍ ബുക്കിങ് സേവനമായ ഓയോ മാറ്റങ്ങള്‍ കൊണ്ടുവന്നത്. പുതിയ നയപ്രകാരം ഇനി അവിവാഹിതരായ സ്ത്രീ പുരുഷന്മാരെ ഓയോയില്‍ ചെക്ക് ഇന്‍ ചെയ്യാന്‍ അനുവദിക്കില്ല. ഈ വര്‍ഷം മുതല്‍ പുതിയ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും.
ഉത്തര്‍പ്രദേശിലെ മീററ്റിലാണ് മാറ്റങ്ങള്‍ ആദ്യം നടപ്പാക്കുക. ഓയോയില്‍ മുറിയെടുക്കുന്ന പങ്കാളികൾ അവരുടെ ബന്ധം വ്യക്തമാക്കുന്ന രേഖകള്‍ ചെക്കിന്‍ സമയത്ത് ഹാജരാക്കണം. ഓണ്‍ലൈന്‍ ബുക്കിങ്ങിനും ഇതു ബാധകമായിരിക്കും. ദമ്പതികള്‍ക്ക് ബുക്കിങ് നിരസിക്കാനുള്ള വിവേചനാധികാരം പാര്‍ട്ണര്‍ ഹോട്ടലുകള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഓയോ അറിയിച്ചു.
ഓയോ ഹോട്ടലുകളില്‍ അവിവാഹിതരായ ദമ്പതികളെ ചെക്ക് ഇന്‍ ചെയ്യാന്‍ അനുവദിക്കരുതെന്ന് ആവശ്യമുണ്ടായിരുന്നു. ഈ വിഷയത്തില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മീററ്റ് ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ വിവിധ സാമൂഹിക സംഘടനകള്‍ രംഗത്തെത്തിയിരുന്നുവെന്നും ഓയോ വ്യക്തമാക്കുന്നു.
സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ആതിഥ്യ മര്യാദകൾ ഉയർത്തിപ്പിടിക്കാൻ ഓയോ പ്രതിജ്ഞാബദ്ധമാണെന്ന് ഓയോയുടെ ഉത്തരേന്ത്യയിലെ റീജിയൻ ഹെഡ് പവാസ് ശർമ പറഞ്ഞു. വ്യക്തിസ്വാതന്ത്ര്യത്തെ ഞങ്ങൾ മാനിക്കുമ്പോൾ തന്നെ, നിയമപാലകരോടും സമൂഹത്തോടുമൊപ്പം പ്രവർത്തിക്കാനുള്ള ഉത്തരവാദിത്തവും തിരിച്ചറിയുന്നുവെന്നും ഓയോ പറയുന്നു.
No longer allows unmarried couples to book rooms